Latest News

ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗം നടത്തിയ സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു

Thu Feb 2024 | 04:49:16 news

ഭോപ്പാല്‍: മതപരിവര്‍ത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗം നടത്തിയവരെയും യോഗത്തില്‍ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ റെയ്സെന്‍ ജില്ലയിലെ സത്ലാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്ര സിങ് താക്കൂര്‍, സമീര്‍ മെഹ്റ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സത്ലാപൂരിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള കേസരി പ്രസാദ് നഹാര്‍ മുന്‍ഷി എന്നയാളുടെ വീട്ടിലാണ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചത്. പരാതിക്കാരായ നരേന്ദ്ര സിങ് ഠാക്കൂറിനെയും സമീര്‍ മെഹ്റയെയും പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇവര്‍ ഹിന്ദുത്വ സംഘടനകളെ ഇക്കാര്യം അറിയിക്കുകയും പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു. മധ്യപ്രദേശ് മതംമാറ്റ നിരോധന നിയമത്തിലെ സെക്ഷന്‍ 3/5 പ്രകാരമാണ് ചന്ദുലാല്‍ സോന്‍വാനെ, സാന്ത്രാ ബായ്, പ്രദീപ് ബന്‍സാല്‍, വിജയ് ചൗധരി, ഉമാ ചൗധരി, കൈലാഷ്, മുന്‍ഷി കേസരി പ്രസാദ് നഹര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഗൗഹര്‍ഗഞ്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകളെ ജില്ലാ ജയിലിലും പുരുഷന്‍മാരെ ഗൗഹര്‍ഗഞ്ച് സബ്ജയിലിലുമാണ് റിമാന്‍ഡ് ചെയ്തത്.

VIDEO