Latest News

സിപിഎം സ്ഥാനാർത്ഥിയായി മന്ത്രിയുടെ ഭർത്താവും; കുടുംബാധിപത്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

Thu Feb 2024 | 04:53:40 news

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കുടുംബാധിപത്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ മന്ത്രിയുടെ ഭർത്താവും ഇടംപിടിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഭർത്താവ് എ വിജയരാഘവനാണ് പാലക്കാട്ടെ സ്ഥാനാർത്ഥി. മുൻ എംപിയും പോളിറ്റ്ബ്യൂറോ അംഗവും എന്ന നിലയിലാണ് വിജയരാഘവനെ പരിഗണിച്ചതെന്നാണ് വിശദീകരണമെങ്കിലും മറ്റ് പാർട്ടികളിൽ മക്കളോ ബന്ധുക്കളോ മൽസരിക്കുമ്പോൾ കുടുംബാധിപത്യത്തിന്റെ പേര് പറഞ്ഞ് സിപിഎം പ്രചരണം നടത്തുന്നത് പതിവാണെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസമുയരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസും ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബും മൽസര രംഗത്ത് ഇറങ്ങിയപ്പോൾ കുടുംബാധിപത്യമെന്നതായിരുന്നു സിപിഎമ്മിന്റെ പ്രധാന പ്രചരണം. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും മന്ത്രി കെ രാധാകൃഷ്ണനെ ആലത്തൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. തോറ്റാലും മന്ത്രി പദവി പോകില്ലല്ലോ എന്നതാണ് ഓഫർ. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഇതിന് മുന്നോടിയായി സെക്രട്ടറിയേറ്റ് യോഗവും ചേർന്നിരുന്നു. ഈ മാസം 27-ന് ചേരുന്ന പി.ബി യോഗത്തിൽ കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2019ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എ.എം ആരിഫ് ഒഴികെ ഇടതുപക്ഷത്ത് നിന്ന് മറ്റാരും ജയിച്ചിരുന്നില്ല. ഒരു മന്ത്രിയും ഒരു പോളിറ്റ് ബ്യൂറോ അംഗവും നാലു കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. വനിതാ സംവരണം പാലിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് കെഎസ്ടിഎ നേതാവും പറവൂര്‍ നഗരസഭാ കൗണ്‍സിലറുമായ കെ.ജെ ഷൈൻ സ്ഥാനാർഥിയാകും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലേക്ക് പല പേരുകളും ചര്‍ച്ചചെയ്ത ശേഷം അവസാന നിമിഷമാണ് ലീഗ് വിമതനായി മാറി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എസ് ഹംസയെ സ്വതന്ത്രനായി നിര്‍ത്താന്‍ തീരുമാനിച്ചത്‌. മന്ത്രി വി. അബ്ദുറഹിമാനെ മൽസരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. വടകരയിൽ കെ.കെ ശൈലജ, കണ്ണൂരിൽ എം.വി ജയരാജൻ, ആറ്റിങ്ങലിൽ വി. ജോയ്, പത്തനംതിട്ടയിൽ തോമസ് ഐസക്ക്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എ.എം ആരിഫ്, ഇടുക്കിയിൽ ജോയ്സ് ജോർജ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കോഴിക്കോട്ട് എളമരം കരീം, കാസർഗോഡ് എം.വി ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

VIDEO