Latest News

രാജ്യത്തിന് അഭിമാനമായി പ്രശാന്ത് നായർ; സന്തോഷമടക്കാനാവാതെ സിനിമാ നടി ലെന

Wed Feb 2024 | 04:36:51 news

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതി ഗഗൻയാനിലെ യാത്രികരെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമ്പോൾ ഉള്ളിലൊളിപ്പിച്ച മറ്റൊരു രഹസ്യം വെളിപ്പെടുത്താൻ വെമ്പുകയായിരുന്നു മലയാളികളുടെ ഇഷ്ട നടി ലെന. നാലംഗ ദൗത്യസംഘത്തിന്റെ പേരുകൾ മുഴങ്ങിയതിന് പിന്നാലെ അവരെ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി വിൻ ബാഡ്ജ് അണിയിച്ച് അവരെ അനുമോദിക്കുമ്പോൾ കയ്യടിച്ച്, കണ്ണീരണിഞ്ഞ് ലെന ആ കാഴ്ച കണ്ടു നിന്നു. ചടങ്ങിൽ ലെനയെ കണ്ടവർക്ക് കാര്യം പിടികിട്ടിയില്ല. പിന്നീട് ലെന തന്നെ ആ രഹസ്യം വെളിപ്പെടുത്തി. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണ്. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന വെളിപ്പെടുത്തി. ചര്‍ച്ചകള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഇടനല്‍കാതെ ഇത്രയും ദിവസം ആ രഹസ്യം സൂക്ഷിച്ചു വെച്ചത് പ്രശാന്ത് നായരുടെ സെക്യൂരിറ്റി റീസൺ കാരണമാണെന്നും ലെന പറയുന്നു. ചടങ്ങിന് ശേഷം പ്രശാന്ത് നായരും ലെനയും ഐഎസ്ആർഒ ചെയർമാൻ സോമനാഥിനൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്. പിന്നീട് ഈ വിവരം ലോകത്തെ അറിയിക്കാനായി ലെന സമൂഹമാധ്യമത്തിൽ ഒരു കുറിപ്പെഴുതി. അതിന്റെ പൂർണരൂപം: ‘‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.” പ്രശാന്തുമായുള്ള വിവാഹം എല്ലാം മനസ്സിലാക്കി വീട്ടുകാര്‍ ആലോചിച്ച്, അറേഞ്ച്ഡ് മാരേജായാണ് നടന്നതെന്ന് ലെന പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു നടന്നത്. ജാതകത്തില്‍ നക്ഷത്രത്തിന് വലിയ സ്വാധീനമുണ്ട്. എല്ലാമൊരു നിയോഗമാണ്. നിയോഗം പോലെ പലതും സംഭവിക്കുന്നു. 2004 മുതല്‍ ബാംഗ്‌ളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. താൻ രാഷ്ട്രീയക്കാരുമായി അടുപ്പമുള്ള ആളല്ല. എന്നാല്‍, രാജ്യത്തോട് സ്‌നേഹമുണ്ട്. ഇന്ത്യാക്കാരിയാണെന്ന് പറയാന്‍ അഭിമാനവുമുണ്ടെന്ന് ലെന പ്രതികരിച്ചു. നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് പ്രശാന്ത് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ലെന. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേർപെടുത്തി.

VIDEO