Latest News

കോടതിയുടെ ഇടപെടൽ ഫലം കണ്ടു; നീതി നിഷേധിക്കപ്പെട്ട നിഷയ്ക്ക് സർക്കാർ ജോലി

Thu Mar 2024 | 04:55:24 news

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടപെടൽ ഫലം കണ്ടു. ഉദ്യോഗസ്ഥരുടെ പ്രതികാര ബുദ്ധിയുടെ ഫലമായി നഷ്ടപ്പെട്ട ജോലി കൊല്ലം സ്വദേശി നിഷാ ബാലകൃഷ്ണന് നൽകാൻ ഒടുവിൽ സർക്കാരിന് തീരുമാനമെടുക്കേണ്ടി വന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്റെ വാർത്ത മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ഉദ്യോഗസ്ഥരുടെ പ്രതികാര മനോഭാവത്തിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. കെഎസ് ആൻഡ് എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചു നിഷ ബാലകൃഷ്ണന് തദ്ദേശവകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനം. പക്ഷെ, ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സീനിയോറിറ്റിക്ക് അര്‍ഹത. എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട നിഷയ്ക്ക് നഗരകാര്യ ഡയറക്ടറേറ്റില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടിരുന്നു. നിഷ ബാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു. 2018 മാർച്ച് 31ന് അവസാനിച്ച എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കത്തക്കവിധം മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് അതു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. ഇമെയിൽ പിഎസ്‌സിക്കു കിട്ടിയതാകട്ടെ 12 മണിയും 4 സെക്കൻഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു പിഎസ്‌സി നിഷയ്ക്കു ജോലി നിഷേധിച്ചു. 35 വയസ്സ് കഴിഞ്ഞതിനാൽ ഇനി പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാത്ത ഗതികേടിലായതോടെയാണു നിഷ മുഖ്യമന്ത്രിയെ സമീപിച്ചത്. 28ന് റിപ്പോർട്ട് ചെയ്ത ഒഴിവ് 3 ദിവസം ഉണ്ടായിട്ടും 31ന് അർധരാത്രിക്കു മുൻപ് പിഎസ്‌സിയെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണു കാരണവും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ ഡോ.എ. ജയതിലക് ഐഎഎസിനെ നിയോഗിച്ചത്. ഈ റിപ്പോർട്ടും നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരായതോടെയാണു നിഷയ്ക്കു നിയമനം ലഭിക്കാൻ വഴിയൊരുങ്ങിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ വെള്ളപൂശി നഗരകാര്യ ഡയറക്ടർ നൽകിയ റിപ്പോർട്ട് നേരത്തേ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. നിഷ ബാലകൃഷ്ണനു നിയമനം നൽകുന്നതിനു സർവീസ് ചട്ടപ്രകാരം സർക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും മുൻ ഉത്തരവുകൾ തടസ്സമാകില്ലെന്നും ഹൈക്കോടതി വിശദീകരിച്ചിരുന്നു.

VIDEO