Latest News

ഡി എ : ഉത്തരവ് ഉടന്‍ ഇറക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍

Sat Mar 2024 | 04:40:04 news

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ 4 ശതമാനം ഡി എ അനുവദിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ കുടിശ്ശിക ഏഴ് ഗഡുക്കളായി ഉയര്‍ന്ന് അടിസ്ഥാന ശമ്പളത്തിന്റെ 21% ആയെന്നും അത് അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു. ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു ഗഡു ഡി എ അനുവദിക്കുന്നതിന് വേണ്ടി യാതൊരു നടപടിയും നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബജറ്റില്‍ ഒരു ഗഡു ഡി എ പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ സാങ്കേതികതയില്‍ കുരുക്കി ജീവനക്കാര്‍ക്ക് ഡി എ നിഷേധിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ശമ്പളം മുടക്കിയതിന് പിന്നിലും ഡി എ ജീവനക്കാര്‍ക്ക് തരാതിരിക്കുന്നതിനുള്ള കുത്സിത ബുദ്ധിയാണോ എന്നും സംശയിക്കുന്നു. അടിയന്തരമായി ഡി എ അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി തിബീന്‍ നീലാംബരന്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, ജനറല്‍ സെക്രട്ടറി വി എ ബിനു എന്നിവര്‍ ആവശ്യപ്പെട്ടു.

VIDEO