Latest News

ഇരുട്ടടിക്ക് ഇലക്ഷൻ വരെ കാക്കില്ല; വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചന

Thu Mar 2024 | 04:22:47 news

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ പുനരാലോചന. വൈദ്യുതി ഉപഭോഗം ഉയർന്നതോടെ ലോഡ് ഷെഡിങ് ഒഴിവാക്കാനായി പ്രതിദിനം 20 കോടി രൂപയോളം കെ.എസ്.ഇ.ബിക്ക് ബാധ്യത ഉണ്ടാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പു തന്നെ ചാർജ് വർധനയ്ക്കുള്ള കളമൊരുങ്ങുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഉപയോഗം 5,031 മെഗാവാട്ട് ആയിരുന്നു. ഇത് സർവകാല റെക്കോർഡാണ്. കഴിഞ്ഞ ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5,024 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപയോഗം 10.01 കോടി യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നു രേഖപ്പെടുത്തിയ 10.29 കോടി യൂണിറ്റാണ് റെക്കോർഡ്. സാധാരണ ഏപ്രിലിലാണ് ഉപയോഗം ഇത്ര ഉയരാറുള്ളത്. പുറത്തു നിന്ന് 7.88 കോടി യൂണിറ്റ് വൈദ്യുതി വാങ്ങിയാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. സംസ്ഥാനത്തെ ജലവൈദ്യുത ഉൽപാദനം 1.91 കോടി യൂണിറ്റ് മാത്രം ആയിരുന്നു. വൈദ്യുതി വാങ്ങാൻ ബോർഡ് ചെലവഴിക്കുന്ന തുക ഭാവിയിൽ സർചാർജ് ആയി ഉപയോക്താക്കളിൽ നിന്ന് ഈടാക്കും. മുൻപ് വൈകുന്നേരം 6 മുതൽ 10 മണി വരെയാണ് കൂടുതൽ ഉപയോഗമെങ്കിൽ ഇപ്പോഴിത് രാത്രി 12 വരെ നീളുന്നു. എസി വ്യാപകമായതും വാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഉപയോഗം വർധിക്കാൻ കാരണമാണെന്ന് വൈദ്യുതി ബോർഡ് ചൂണ്ടിക്കാട്ടുന്നു. വേനൽമഴ കുറവായതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കാജനകമാണ്. സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ വേണ്ട വെള്ളം അനുദിനം കുറയുകയാണ്. അതേസമയം, വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അത്തരം നടപടികൾ വേണ്ടെന്നും തിരിച്ചടിയുണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. എന്നാൽ, തെരഞ്ഞെടുപ്പിൽ ഇക്കുറിയും നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തൽ ശക്തമായി ഉയർന്നു വന്നതോടെയാണ് ചാർജ് വർധിപ്പിക്കുന്നത് നീട്ടിവെയ്ക്കേണ്ട കാര്യമില്ലെന്ന് ധാരണയായിരിക്കുന്നത്.

VIDEO