Latest News

രണ്ട് പുതിയ വി.സിമാരെ നിയമിച്ച് ഗവർണർ

Thu Mar 2024 | 05:00:07 news

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലും ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലും പുതിയ വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല മണ്ണുത്തി വെറ്ററിനറി കോളേജിലെ സീനിയർ പ്രൊഫസർ ഡോ. കെ.എസ് അനിലിനു നൽകി. ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഡോ. പി.സി ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം. മണ്ണുത്തി കോളേജിൽ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കുസാറ്റ് സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സീനിയർ പ്രൊഫസർ ഡോ. വി.പി ജഗതിരാജിന് നൽകി. ഡോ. മുബാറക് പാഷ രാജിവെച്ച പശ്ചാത്തലത്തിലാണ് നിയമനം. യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തെച്ചൊല്ലി ഡോ. പാഷയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഗവർണറുടെ വിചാരണയ്ക്കു മുമ്പ് പാഷ രാജിവെച്ചു. ഇത് ഗവർണർ അംഗീകരിച്ചില്ല. ഒടുവിൽ വിചാരണ നടപടികൾക്കു വിധേയമായി രാജി അംഗീകരിക്കുകയായിരുന്നു. ഫലത്തിൽ ചട്ടം ലംഘിച്ചു നിയമിക്കപ്പെട്ടതിനു പുറത്താക്കപ്പെട്ട വി.സിമാരിൽ ഡോ. പാഷയും ഉൾപ്പെടും. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു പുതിയ വൈസ് ചാൻസലറായി ഡോ. പി.സി ശശീന്ദ്രനെ നിയമിച്ചത്. എന്നാൽ മാർച്ച് 25-ന് അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു വിശദീകരണം. ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് വിദ്യാർഥിയായിരുന്ന സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളേജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലംഗ കമ്മീഷനെ വി.സി ഡോ. പി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും ശശീന്ദ്രൻ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റതിനുപിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും പി.സി ശശീന്ദ്രൻ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിൽ നാല്‌ വാർഡൻമാരെ നിയോഗിക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതും അടക്കം വിവിധ തിരുത്തൽ നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

VIDEO