Latest News

പ്രതിപക്ഷദേശത്തുമാത്രം ഈഡിക്കുതിര

Fri Apr 2024 | 05:04:43 news

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചുകണ്ടിട്ടുള്ള കാര്യമാണ് അശ്വമേധം. കരുത്തന്മാരായ രാജാക്കന്മാർ ഒരു കുതിരയെ അഴിച്ചുവിടുകയും അത് മേധിച്ച് കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ചുളുവിൽ തനിക്കാക്കുകയും ചെയ്യുന്ന പ്രവൃത്തി. അങ്ങനെ അഴിഞ്ഞാടിവരുന്ന കുതിരയെ കരുത്തന്മാരായ രാജാക്കന്മാർ പിടിച്ചുകെട്ടുകയും യുദ്ധത്തിനു സന്നദ്ധമാവുകയും ചെയ്യാറുണ്ട്. അതുപോലെ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് ഈഡി മേധമാണ്. പ്രതിപക്ഷ സംസ്ഥാനങ്ങളിലേയ്ക്ക് ഈഡിക്കുതിര യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്ന് യജമാനൻറെ സ്വാർത്ഥതാൽപ്പര്യങ്ങളെ പരിപോഷിപ്പിക്കത്തക്കവിധം മേധം തുടരുന്നു. അങ്ങനെ മേധം ചെയ്യുന്ന കുതിരകൾക്ക് യജമാനൻ അധികമായ പുല്ലും വെള്ളവും നൽകി പുറത്തുതലോടുകയും ചെയ്യുമ്പോൾ അത് ഈഡി പ്രതിനിധികൾക്ക് കൂടുതൽ പ്രചോദനമാകുകയും ഊർജ്ജസ്വലമാവുകയും ചെയ്യും. എന്നാൽ ഈ ഈഡികൾ ഏറ്റവും കൂറു പുലർത്തുന്നതുകൊണ്ട് വെറുതെ ഒരു തമാശയ്ക്ക്പോലും സാമ്പത്തിക അന്വേഷണത്തിൻറെ ഭാഗമായി യജമാനൻറെ ഭവനത്തിലേക്കും കാര്യാലയത്തിലേക്കും ഒന്ന് ഒളിഞ്ഞുനോക്കുക പോലുമില്ല. കാരണം അത് യജമാനന് ഇഷ്ടമല്ലെന്നും കടിഞ്ഞാൺ അയാളുടെ കയ്യിലാണെന്നും തിരിച്ചറിവുണ്ട് ഈ ഈഡിക്കുതിരകൾക്ക്. യഥേഷ്ടം ജനസാമാന്യത്തിനുമേൽ, അവരുടെ സ്വാതന്ത്ര്യാവകാശങ്ങൾക്കുമേൽ, പ്രതിപക്ഷസംസ്ഥാനഭരണകർത്താക്കൾക്കുമേൽ അന്വേഷണത്തിൻറെ പേരിൽ കുതിരകയറുന്ന യജമാനനെയും അയാളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ചരിക്കുന്ന ഇ.ഡി അനുചരന്മാരെ പിടിച്ചുകെട്ടാൻ കാലം നിശ്ചയിച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഇവിടെ അവരുടെ തെറ്റുകൾ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരുത്തിയില്ലെങ്കിൽ വലിയ വില തന്നെ നാളെ കൊടുക്കേണ്ടിവരും. ഇ.ഡിയുടെ പ്രവർത്തനം സ്വതന്ത്രവും സത്യസന്ധവുമല്ല എന്നതിന് തെളിവുകളാണ് ബി.ജെ.പി. ഭരണസംസ്ഥാനങ്ങളിൽ അവരുടെ കരിനിഴൽ പതിക്കുന്നില്ലയെന്നത്. അതിനർത്ഥം അവർ നീതി പൂർവ്വകമായ ഭരണാധികാരികളാണെന്നല്ല. പ്രതിപക്ഷ ഭരണക്കാരെ വേട്ടയാടാൻ നിയുക്തമാകുന്നവർക്ക് യജമാനൻറെ സ്വന്തക്കാർ ആരെന്ന് വ്യക്തമായി അറിയാം. അതുപോലെ അവരെ സ്പർശിച്ചാലുള്ള ഭവിഷ്യത്തുകളും. ഭരണം കിട്ടാൻ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തുന്ന അടവുകൾ പലതാണ്. പ്രതിപക്ഷത്തിൻറെ സംഘാടനം വെറും അർത്ഥശൂന്യമാണെന്ന് സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാൻ അവർ ആദ്യം തിരഞ്ഞെടുത്തത് ആംആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണെന്നുമാത്രം. കേന്ദ്ര ബി.ജെ.പി ഭരണാധികാരികളുടെ കാൽച്ചുവട്ടിൽ ചോനനുറുമ്പുപോലെ ശല്യമായി മാറിയ ‘ആപ്പി’നെ തളയ്ക്കാൻ ദീർഘകാലമായി അവർ നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങളുടെ അവസാനമായിരുന്നു അറസ്റ്റ്. ഡൽഹിയിൽ മാത്രം ചെറിയൊരു ഗട്ടറിലെ ചെളിവെള്ളം പോലെ അവർക്ക് അനുഭവപ്പെട്ട ‘ആപ്പ്’ പഞ്ചാബിൽ ഒരു തകാടം സൃഷ്ടിച്ചപ്പോൾ അത് വളരെ അസഹനീയമായി ബി.ജെ.പിക്ക് തോന്നിയത് സ്വാഭാവികം. നാളെ ബിജെപിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യത്തക്കവിധത്തിൽ ആപ്പിൽ ഇലയും പൂവും കായും വന്നാലോ എന്ന ഭയവും അവർക്ക് ഇല്ലാതില്ല. എന്നാൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബിൽ ആം ആദ്മി ഭരണത്തിലേറിയത്. ജനാധിപത്യസമ്പ്രദായത്തിലൂടെ ഏതൊരു സർക്കാർ അധികാരത്തിലേറുന്നതിനെ എന്നും സ്വാഗതം ചെയ്തിട്ടുള്ള പാരമ്പര്യമാണ് കോൺഗ്രസ്സിനുള്ളത്. അതിൽ നിന്ന് വിഭിന്നമായ സമീപനമാണ് തെരഞ്ഞെടുപ്പിൻറെ കാര്യത്തിൽ പോലും ബിജെപിക്കുള്ളത്. എല്ലാ സംസ്ഥാനങ്ങളും തങ്ങൾക്കുവേണമെന്ന് ദുശാഠ്യം പിടിക്കുകയും എതിർകക്ഷികൾക്കാണ് വിജയമെങ്കിൽ വെടക്കാക്കി തനിക്കാക്കുകയുമാണ് അവരുടെ ദേശീയ അടിസ്ഥാന നയം. ആ അഹങ്കാരത്തിൻറെ ഭാഗമായി പഞ്ചാബിൽ ഭരണതടാകം തീർക്കാൻ കാരണക്കാരായ കെജ്രിവാളിനെ ബലിയാടാക്കിയിരിക്കുകയാണ് കേന്ദ്രഭരണനേതൃത്വം. കെജ്രിവാൾ ഇപ്പോഴും ജനങ്ങൾ തെരഞ്ഞെടുത്തതിൻപ്രകാരം മുഖ്യമന്ത്രിയാണ്. പക്ഷെ അദ്ദേഹം ഭരണനേതൃത്വം കൊടുക്കുന്നത് ജയിലിൽ കിടന്നാണെന്നുമാത്രം. ഒരുപാട് പഴുതുകൾ സമാശ്വാസത്തിൻറേതായിട്ടുണ്ടെങ്കിലും കെജ്രിവാൾ ജയിലിൽ പോകണമെന്ന് കേന്ദ്രഭരണ യജമാനൻമാരുടെ മുൻനിശ്ചയമായിരുന്നു. അത് അവർ സാധിച്ചെടുത്തെങ്കിലും അവഹേളിക്കപ്പെടുന്നത് ഇന്ത്യൻ മനഃസാക്ഷിയുടെ മുമ്പിലാണ്. ഇന്ത്യൻ ഡെമോക്രസിയുടെ നില പരിതാപകരമാണെന്ന് ഇതിനകം തന്നെ പല വിദേശരാജ്യ പ്രതിനിധികളും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അവരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചാൽ ഇന്ത്യയുടെ മാനക്കേട് മാറുമെന്ന് വിചാരിക്കുന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. ഏതായാലും ഒരുകാര്യം അസന്നിഗ്ധമായി പറയേണ്ടിയിരിക്കുന്നു. ബിജെപി ഒരുതവണ കൂടി കേന്ദ്രഭരണത്തിലെത്തിയാൽ പല പ്രതിപക്ഷ മുഖ്യമന്ത്രിമാരും അരവിന്ദ് കെജ് രിവാൾമാരായി പരിണമിക്കും എന്നതിന് സംശയമൊന്നുമില്ല. പ്രതിപക്ഷമില്ലാത്ത ഏകാധിപത്യഭരണസമ്പ്രദായമാണ് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ആത്യന്തികലക്ഷ്യം. അതിനുവേണ്ടി ഇപ്പോൾ നിലവിലുള്ള സ്വാതന്ത്ര്യാവകാശങ്ങൾക്ക് ഊന്നൽ നൽകുന്ന പല നിയമങ്ങളും അവർ തിരുത്തിക്കുറിക്കും. കൂടാതെ വർഗ്ഗീയ കലാപങ്ങൾ ഗൂഢമായി സൃഷ്ടിച്ചെടുക്കുകയും മനഃപൂർവം മൗനം പാലിച്ച് അതിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യും. ജനങ്ങളുടെ പൊതുവായ സംശയങ്ങൾ അവർക്കുവേണ്ടി പത്രപ്രതിനിധികൾ അധികാരികളോട് ചോദിക്കുമ്പോൾ അതിൽ ദേഷ്യം പൂണ്ട് ജയിലിൽ പിടിച്ചിടുകയും ഘോരമർദ്ദനത്തിനിരയാക്കുകയും ചെയ്യും. ഇതിനകംതന്നെ കേന്ദ്ര ബി.ജെ.പി സർക്കാർ എത്രയെത്ര പത്രപ്രതിനിധികളെയാണ് ജയിലാലിക്കിയിട്ടുള്ളത്. മറ്റ് അന്വേഷണ ഏജൻസികളെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ പാവകളായി പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ അന്വേഷണബുദ്ധിക്ക് ആവശ്യമായ ഉത്തരം കണ്ടെത്തേണ്ടത് മാധ്യമങ്ങളാണ്. അത് ഏതൊരു അധികാരിയെയും വെറുപ്പിൻറെ ഉടമയാക്കും. ജനാധിപത്യത്തിൻറെ നാലാം തൂണിനെ ദുർബ്ബലപ്പെടുത്തിയാൽ ഭരണം തന്നിഷ്ടംപോലെ നടത്താൻ അവർക്കറിയാം. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ കൂടുതൽ പീഡനം അനുഭവിക്കുന്നത് മാധ്യമ പ്രവർത്തകർ ആകും. അതിന് അവർ പുതിയ നിർദ്ദേശങ്ങൾ നിയമങ്ങളാക്കും. അങ്ങനെ യഥാർത്ഥ വാർത്തകൾ ജനങ്ങളിലെത്താതിരിക്കാൻ നിർബന്ധിക്കും. അപദാനങ്ങൾകൊണ്ട് സർക്കാർ മാധ്യമങ്ങൾ നിറയും. അതിനുവേണ്ടി വോട്ടിംഗ് യന്ത്രത്തിൽ പല തിരിമറികളും നടത്തും. സങ്കൽപ്പ സീറ്റുകൾക്കുവേണ്ടി ഏതടവും പയറ്റും. അങ്ങനെ ജനാധിപത്യം ഏകാധിപത്യത്തിനു മുന്നിൽ ശിരസ്സു വണങ്ങും. അങ്ങനെ സംഭവിക്കാതിരിക്കാൻ ജനങ്ങൾ യജമാനന്മാരാകുന്ന ഏക അവസരമാണ് തെരഞ്ഞെടുപ്പ്. വാൽക്കഷ്ണം സി.പി.എമ്മിൽ നിന്ന് അടുത്തിടെ മാറ്റൊലി കേട്ടത് മറ്റാരിൽനിന്നുമല്ല; മുൻമന്ത്രി ജി. സുധാകരനിൽനിന്നാണ്. ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തുവെന്നാണ് അദ്ദേഹത്തിൻറെ രോദനം. പാർട്ടിയുടെ അത്യുംഗശൃംഗത്തിൽനിന്ന് താഴേയ്ക്ക് പതിച്ചപ്പോൾ ഈവിധ രോദനം പതിവായിരിക്കുന്നു. അങ്ങനെ ഒടുവിൽ കേട്ടത് കൈ പിടിച്ചു കയറ്റിയവരെ കഴുത്തിനു പിടിച്ചു തള്ളിയാണ് ചിലർ എം.പിയും എം.എൽ.എയുമാകുന്നതെന്നാണ്. ശ്രീയേശുവിൻറെ ജീവിതത്തിൽ ഒരു ദുഃഖവെള്ളിയാഴ്ചയെയുള്ളുവെങ്കിൽ സുധാകരജീവിതത്തിൽ എല്ലാദിവസവും ദുഃഖവെള്ളിയാഴ്ചകളാണ്. അദ്ദേഹത്തിൻറെ പാർട്ടി സ്ഥാനത്തേക്കുള്ള ഉയർത്തെഴുന്നേൽപ്പ് എന്നാണെന്ന് കാത്തിരിക്കുകയാണ് സിപിഎമ്മിനെക്കാളുപരി സാധാരണജനങ്ങൾ.

VIDEO