Latest News

കോണ്‍ഗ്രസ് പ്രകടന പത്രിക: ക്ഷേമത്തിലേക്കുള്ള വഴികാട്ടി

Sat Apr 2024 | 04:52:25 news

രണ്ട് നൂറ്റാണ്ട് കാലത്തെ വൈദേശിക ആധിപത്യം ഇന്ത്യയെ എത്രത്തോളം ചതഞ്ഞരഞ്ഞ കരിമ്പിന്‍ ചണ്ടിയാക്കിയോ അതിലേറെ നാശവും നഷ്ടവുമാണ് പത്തുവര്‍ഷത്തെ മോദി ഭരണം ഇന്ത്യക്ക് വരുത്തിവെച്ചത്. ആ നാശത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ നിരവധി പദ്ധതികളും പരിപാടികളും ഉറപ്പ് നല്‍കുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നന്മയും ക്ഷേമവും ഉറപ്പുനല്‍കുന്ന പ്രകടന പത്രികയിലെ മുദ്രാവാക്യം ആകര്‍ഷകമാണ്. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ ഫ്‌ളാഗ്ഷിപ്പ് പദ്ധതികളാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചത്. നീതിയുടെ അഞ്ച് സ്തംഭങ്ങളായാണ് മുഖ്യ കര്‍മപാതകളെ വിശേഷിപ്പിക്കുന്നത്. സ്ത്രീ നീതി, കര്‍ഷക നീതി, തൊഴിലാളി നീതി, യുവാക്കള്‍ക്ക് നീതി, പാര്‍ശ്വവല്‍കൃതര്‍ക്ക് നീതി എന്നിവയാണ് ആ മഹത്തായ പദ്ധതികള്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി പദ്ധതിയെ കോണ്‍ഗ്രസ് നിരസിക്കും. സൈനിക നിയമത്തിനുള്ള അഗ്നിപഥ് പദ്ധതി എടുത്തുകളയും. കൂറുമാറിയ നേതാക്കളുടെ പേരിലുള്ള കേസുകള്‍ പുനരന്വേഷിക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ച് നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ നിയമനം എടുത്തുകളയുമെന്നും സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് അന്‍പത് ശതമാനം സംവരണമേര്‍പ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. ഒരു കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുള്ളതും ജനപ്രിയ പരിപാടിയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുമെന്നുള്ളത് പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണ്. ആശ, അങ്കണവാടി, ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കുള്ള വേതനം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ളതാണ്. ഏറ്റവും താണ വരുമാനക്കാരായ ഇവരുടെ ക്ഷേമം കണക്കിലെടുത്തത് സ്വാഗതാര്‍ഹമാണ്. നീതി നിഷേധങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകള്‍ക്ക് എല്ലാ ഗ്രാമങ്ങളിലും അധികാര്‍ മൈത്രിയെ ഏര്‍പ്പെടുത്തും. യുവാക്കള്‍ക്ക് ഏറ്റവും ആശ്വാസകരമായത് 30 ലക്ഷം തസ്തികകള്‍ സൃഷ്ടിക്കുമെന്നതാണ്. വിദ്യാഭ്യാസമുള്ള മുഴുവന്‍ യുവാക്കള്‍ക്കും ഒരു മാസം 8500 രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ തൊഴില്‍ പരിശീലനം നല്‍കുന്ന വാഗ്ദാനവും ശ്രദ്ധേയമാണ്. താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍പരവും സാമൂഹികവുമായ പരിരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം അയ്യായിരം കോടി രൂപയുടെ സ്റ്റാര്‍ട്ട്അപ്പ് പദ്ധതികളും വാഗ്ദാനം ചെയ്യുന്നു. സംഘടിതരും അസംഘടിതരുമായ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തുന്ന വന്‍ നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സമഗ്രമായ ആരോഗ്യ പദ്ധതിയില്‍ രോഗനിര്‍ണയം മുതല്‍ സാന്ത്വന പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള ആരോഗ്യ അവകാശ നിയമം കൊണ്ടുവരും. തൊഴിലുറപ്പ് പദ്ധതി വേതനം നാനൂറ് രൂപയായി വര്‍ധിപ്പിക്കുന്നത് വലിയൊരു കാല്‍വെയ്പാണ്. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ പ്രത്യാശയും പ്രതീക്ഷയും കോണ്‍ഗ്രസ് നെഞ്ചേറ്റിയിട്ടുണ്ട്. ജാതി സെന്‍സസിന് പുറമെ സാമൂഹിക, സാമ്പത്തിക സെന്‍സസ് നടത്തുന്നതും വിപ്ലവകരമായ നടപടിയായിരിക്കും. എസ്‌സി/എസ്ടി/ഒബിസി സംവരണം അന്‍പത് ശതമാനം മാത്രമേ പാടുള്ളൂവെന്ന നിബന്ധന എടുത്തുകളയാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നുള്ള ഉറപ്പ് ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. വനാവകാശ നിയമപ്രകാരമുള്ള കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും പട്ടികവര്‍ഗ ഭൂരിപക്ഷമുള്ള ജനവാസ മേഖലകളെല്ലാം ഷെഡ്യൂള്‍ഡ് ഏരിയകളായി പ്രഖ്യാപിക്കുമെന്നുമുള്ള ഉറപ്പുകള്‍ ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങളുണ്ടായത് കാര്‍ഷിക മേഖലയിലാണ്. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമുള്ള താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തുക, വിള നഷ്ടത്തിനുള്ള ഇന്‍ഷൂറന്‍സ് തുക ഒരു മാസത്തിനുള്ളില്‍ നല്‍കുക, കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയില്‍ സുസ്ഥിരമായ കയറ്റുമതി-ഇറക്കുമതി നയം സ്വീകരിക്കുക, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാമഗ്രികളെ ജിഎസ്ടി യില്‍ നിന്നൊഴിവാക്കുക തുടങ്ങി, ഇച്ഛാശക്തിയും കര്‍മോത്സുകവുമായ ഒരു സര്‍ക്കാരിനുള്ള വഴികാട്ടി സൂചികയാണ് ഈ പ്രകടന പത്രിക.

VIDEO