Latest News

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച നാമനിർദേശപത്രിക കോടതി കയറും. നാമനിർദേശ പത്രികയിലെ തെറ്റായ വിവരങ്ങളും രേഖകളും സംബന്ധിച്ച് പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചതിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി നേതാവിന്റെ പത്രിക തള്ളാനുള്ള ധൈര്യമില്ലാത്തതിനാലാണോ വരണാധികാരി രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ തെറ്റുപറയാനാവില്ലെന്ന് ഡോ. ശശി തരൂർ എംപി പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവിടെ നിന്ന് നീതി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം, നാമനിർദേശ പത്രികയിലെ ഗുരുതര പിഴവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ്‌ നൽകിയിരിക്കുന്നത്. സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ്‌ ഈ പിശക്‌. മണ്ഡലത്തിന്റെ നമ്പർ, പേര്‌, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്‌. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ്‌ ഒന്നിലും അനക്‌സ്‌ ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്‌. സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്നാണ് ആക്ഷേപം. നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം. നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

Fri Apr 2024 | 04:51:34 news

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മൽസ്യ മേഖലയിലെ പ്രമുഖ നേതാവുമായ ഫ്രാൻസിസ് ആൽബർട്ടും നിരവധി പ്രവർത്തകരും ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകുന്നേരം ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനും ശശി തരൂർ എംപിയും ചേർന്ന് സ്വീകരിച്ചു. തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബിജെപി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് താൻ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന തീരദേശ മേഖലയിലെ വോട്ടുകൾ തട്ടിയെടുക്കാനായി ബിജെപി പണം വാരിയെറിയുകയാണ്. ഇന്നലെ രാവിലെ പണവുമായി തന്നെയും സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശശി തരൂരിന് വേണ്ടി താൻ പ്രചരണ രംഗത്തുണ്ടാകുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കി. അതേസമയം, വോട്ടുകൾ സ്വാധീനിക്കുന്നതിന് തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്ന് ഡോ. ശശി തരൂരും പ്രതികരിച്ചു. കോൺഗ്രസിലേക്ക് ഫ്രാൻസിസ് ആൽബർട്ടിനെ സ്വാഗതം ചെയ്യുന്നതായി എം.എം ഹസനും വ്യക്തമാക്കി. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ് ബാബുവും ചടങ്ങിൽ പങ്കെടുത്തു.

VIDEO