Latest News

ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്‍പ ഗോപുരം തുറന്നൂ……ഓര്‍മ്മകളില്‍ വയലാര്‍

Wed Oct 2020 | 09:22:25 news

വയലാറിന്റെ വരികള്‍ മൂളാത്ത മലയാളികള്‍ കുറവായിരിക്കും. കാരണം മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി നല്ല ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നും പുറത്തു വന്നുട്ടുണ്ട്. പ്രശസ്ത കവിയും നിരവധി ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാര്‍. 1928 മാര്‍ച്ച് 25-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തിലാണ് വയലാര്‍ രാമവര്‍മ്മയുടെ ജനനം. വെള്ളാരപ്പള്ളി കേരളവര്‍മ, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക എന്നിവരാണ് മാതാപിതാക്കള്‍. വളരെ ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതോടെ അമ്മയുടെയും അമ്മാവന്റെയും ശിക്ഷണത്തിലാണ് വയലാര്‍ വളര്‍ന്നത്. ഗുരുകുല രീതിയില്‍ സംസ്‌കൃത പഠനവും, ചേര്‍ത്തല ഹൈസ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസവും നടത്തി.ഒരുപാട് കവിതകള്‍ രചിച്ചു. തുടര്‍ന്ന് സിനിമ ഗാന രംഗക്കേക്ക് കടന്നു വന്ന വയലാര്‍ മനുഷ്യ മനസ്സിന്റെ തൊട്ടുണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ രചിച്ചു. ഒരു കവി എന്നതിനേക്കാള്‍ സിനിമ ഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രശസ്തനായത്..വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. 1961-ല്‍ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. 1949-ല്‍ പുത്തന്‍ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. ഏഴുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അമ്മയുടെ നിര്‍ബന്ധത്തിന് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ മക്കളാണ്. പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ 1975 ഒക്ടോബര്‍ 27-ന് നാല്‍പ്പത്തിയേഴാമത്തെ വയസ്സിലാണ് ഈ അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

VIDEO