Latest News

പ്രകൃതിസൗന്ദര്യത്തിന്റെ സംഗീതം മൂളി ഏഴഴകിൽ ഏഴാറ്റുമുഖം

Wed Nov 2020 | 06:13:40 news

പ്രകൃതി സൗന്ദര്യത്തിന്റെ വാഗ്‌ദാനമാണ് ഏഴാറ്റുമുഖം. അതിരപ്പിള്ളിയും വാഴച്ചാലും ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയെ ഏറ്റവും സുന്ദരിയായി കാണണമെങ്കിൽ ഏഴാറ്റുമുഖത്തിന്റെ തീരത്തു തന്നെ പോകണം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അധികം കേട്ട് പരിചയമുള്ള സ്ഥലമല്ല ഏഴാറ്റുമുഖം. മറിച്ച് അതിരപ്പിള്ളിയും, വാഴച്ചാലും എല്ലാവർക്കും കേട്ട് കേൾവിയുള്ള സ്ഥലങ്ങളാണ്. എന്നാൽ അതിരപ്പിള്ളിയെ പോലെ തന്നെ മനം കവരുന്ന കാഴ്ചകളാണ് ഏഴാറ്റുമുഖത്തും ഉള്ളത്. ആനമലയിൽ തുടങ്ങി കാടും മലയും പിന്നിട്ട് വരുന്ന ചാലക്കുടിപ്പുഴ, അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിനു ശേഷം ഏഴാറ്റുമുഖത്തുവെച്ചാണ് ശാഖകൾ പോലെ ഏഴായി പിരിയുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് വരുന്നത്. ചാലക്കുടി പുഴയ്‌ക്ക് കുറുകേ ഏഴാറ്റുമുഖത്തേയും തുമ്പൂർമുഴിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം ഇവിടത്തെ പ്രധാന ഒരു ആകർഷണമാണ്. 250 മീറ്റർ നീളമുള്ള ഈ പാലത്തിനു മുകളിൽ നിന്ന് നോക്കിയാൽ ചാലക്കുടിപ്പുഴയെ അതിസുന്ദരിയായി കാണാം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഏഴാറ്റുമുഖത്തുണ്ട്. ധാരാളം പൂന്തോട്ടങ്ങളും കുട്ടികൾക്കായി കളിക്കുവാനുള്ള പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം യാത്രചെയ്യുവാനും, ഒറ്റയ്ക്കുള്ള യാത്രയ്ക്കും, കൂട്ടുക്കാരുമൊത്തുള്ള യാത്രയ്ക്കും അനുയോജ്യമായ സ്ഥലമാണ്. വെറുതെ ഏഴാറ്റുമുഖത്തെ തണുത്ത കാറ്റ് കൊണ്ടിരിക്കുവാനും വല്ലാത്ത ഒരു സുഖമാണ്. ശുദ്ധവായുവും, മനോഹരമായ കാഴ്ചകളും സഞ്ചാരികളുടെ മനം കവരുന്നു. ഏഴാറ്റുമുഖത്ത് നിന്ന് 14 കിലോമീറ്റർ അകലെയാണ് അതിരപ്പിള്ളി. അതുപോലെ ഏഴാറ്റുമുഖത്തിന്റെ മറുകരയിലാണ് തുമ്പൂർമൊഴി. ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഏഴാറ്റുമുഖത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടെ വിരുന്നെത്തുന്ന സഞ്ചാരികൾക്ക് മനസിന് കുളിർമ തരുന്ന ഒരന്തരീക്ഷം ഇവിടം ഒരുക്കിത്തരുന്നു. അതുകൊണ്ട് ഇനി അതിരപ്പിള്ളിയും തുമ്പൂർമൊഴിയും കാണാൻ വരുന്നവർ ഏഴാറ്റുമുഖം കാണാതെ പോകരുത്.

VIDEO