Latest News

പത്തനംതിട്ടയുടെ പച്ചപ്പിലേക്ക് ഇനി യാത്ര തുടരാം; നീണ്ട ഇടവേളയ്ക്ക് ശേഷം ഗവി വീണ്ടും തുറക്കുന്നു

Fri Nov 2020 | 06:06:39 news

വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. വനങ്ങളാൽ സമ്പന്നമാർന്ന ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം. സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേത്തില്‍പ്പെടുന്ന പ്രദേശത്ത് പകുതിയിലേറെ കാടുകളാണ്. ആന, കടുവ, പുലി തുടങ്ങിയ മൃഗങ്ങളും കാട്ടിലുണ്ട്. അതുകൊണ്ടു തന്നെ ധാരാളം നിയന്ത്രണങ്ങൾ ഗവി യാത്രയ്ക്കിടയിൽ സ്വാഭാവികമാണ്. മഞ്ഞുമൂടിയ കാനനഭംഗി ആസ്വദിക്കാൻ ഒട്ടേറെ ആളുകൾ ഗവി സന്ദർശിക്കാറുണ്ട്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ആറ് മാസമായി ഗവിയും അടച്ചിട്ടിരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഗവി വിനോദ സഞ്ചാരികൾക്കായി തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന മുപ്പത് വാഹങ്ങൾക്ക് മാത്രമേ ഒരു ദിവസം ഗവിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതുപോലെ കുട്ടികൾക്കും, 65 വയസിനു മുകളിൽ ഉള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. നിലവിൽ ഗവിയിലേക്ക് എത്തിച്ചേരേണ്ട റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കനത്ത മഴയിലും റോഡുകൾ കുറച്ചൊക്കെ തകർന്നിട്ടുണ്ട്. അതിനാൽ റോഡുകളുടെ അറ്റകുറ്റ പണികളെല്ലാം തീർത്തിട്ടായിരിക്കും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുക. വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് കൃത്യമായ പ്രവേശന തിയതി നിശ്ചയിക്കുക. എങ്കിൽപ്പോലും വരുന്ന ആഴ്ചകളിൽ തന്നെ ഗവി പുനരാരംഭിക്കും എന്നാണ് അധികൃതർ പറയുന്നത്. ഗവിയിലെ കാലാവസ്ഥയും, വന്യമൃഗങ്ങളും വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. പ്രതിദിനം ശരാശരി 200 ലധികം ആളുകൾ ഗവിയിൽ വരാറുണ്ടായിരുന്നു. കൊറോണ നിയന്ത്രങ്ങളിൽ ഇളവ് വന്നതുകൊണ്ട് വീണ്ടും സഞ്ചാരികൾ ഗവിയിലേക്ക് എത്തിച്ചേരും എന്നുതന്നെയാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.

VIDEO