Latest News

നിറപ്പകിട്ടാർന്ന ഇരിപ്പിടങ്ങൾ, എൽഇഡി പ്രൊജക്ടർ, ശീതീകരിച്ച പഠനമുറി; ‘ആനന്ദം’ ഇത് വേറെ ലെവൽ അംഗൻവാടി

Thu Oct 2020 | 05:08:44 news

അങ്കണവാടി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. പൊളിഞ്ഞു പാളീസായ കെട്ടിടത്തിൽ, വാടക മുറിയിൽ , അതല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന കാലിത്തൊഴുത്തിൽ ഒക്കെ പ്രവർത്തിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ പാഠശാല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവയായിരുന്നു ഒട്ടുമിക്ക അങ്കണവാടികളും. എല്ലാ നാട്ടിലും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെ. എന്നാൽ ഇനി അങ്ങനെയാവില്ല. ആരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡിലെ അംഗൻവാടി. പഠനം കഴിഞ്ഞ വരെ പോലും ഇവിടെ വീണ്ടും പഠിക്കാൻ കൊതിപ്പിക്കുന്ന ഒന്ന്. 700 ചതുരശ്ര അടിയിൽ കമനീയമായ കോൺക്രീറ്റ് മന്ദിരം. ശീതീകരിച്ച പഠനമുറി. നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പടങ്ങൾ. എൽഇഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആകെ കൂടി ഹൈടെക് . അതെ, ഹൈടെക് അംഗൻവാടി. ഇതിന് പേരിട്ടിരിക്കുന്നതു തന്നെ ‘ആനന്ദം’ എന്നാണ്. പഠനത്തെ ആനന്ദകരമാക്കുന്ന പാഠശാല എന്ന് വ്യാഖ്യാനിക്കാം. തീർച്ചയായും ഇതിന്റെ ആദ്യ ക്രെഡിറ്റ് തിരുവൻവണ്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ മനു തെക്കേടത്തിനു തന്നെ. ഇതിനു മുൻ കൈ എടുത്തത് അദ്ദേഹമാണ്. മനുവിന്റെ മനസിൽ രൂപം കൊണ്ട പദ്ധതിയാണ് ഇങ്ങനെ യാഥാർത്ഥ്യമായിരിക്കുന്നത്. അംഗൻവാടിക്കായി സ്വന്തം വീടിനോട് ചേർന്ന് മൂന്നര സെന്റ് സ്ഥലം ദാനം ചെയ്ത മാത്തുള്ള പറമ്പിൽ ജേക്കബ് കുര്യനാണ് പിന്നത്തെ സല്യൂട്ട്. ഹൈടെക് അംഗൻവാടി പണിയുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് വിശദമായ പ്ലാനും പദ്ധതിയുമായി മനു മെമ്പർ സ്ഥലം എംഎൽഎ സജി ചെറിയാനെ സമീപിച്ചു. പദ്ധതിയിൽ ആകൃഷ്ടനായ എംഎൽഎ അതിവേഗത്തിൽ സ്വപ്ന പദ്ധതിക്ക് 19 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചു. രാഷ്ട്രീയം മാറ്റിവച്ചുള്ള വികസന പദ്ധതിയ്ക്കാണ് തിരുവൻവണ്ടൂർ പഞ്ചായത്ത് എട്ടാം വാർഡ് നിവാസികൾ സാക്ഷ്യം വഹിച്ചത്. സ്വപ്ന പദ്ധതിയ്ക്കായി ഊണും ഉറക്കവുമുപേക്ഷിച്ച് അക്ഷീണം പ്രവർത്തിച്ച വാർഡ് മെമ്പർ മനു ബിജെപിക്കാരനും എംഎൽഎ ഫണ്ട് അനുവദിച്ച ജനപ്രതിനിധി സജി ചെറിയാൻ സിപിഎമ്മുകാരനുമാണ്. ഇവർക്കു പുറമേ മറ്റു പല സുമനസുകളും ഇതിനാവശ്യമായ ഫർണിച്ചർ അടക്കം സംഭാവന ചെയ്തിട്ടുണ്ട്.

VIDEO