Latest News

ആഗോളതാപനം ; ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിന്നരികിൽ

Wed Oct 2020 | 11:52:50 news

ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ രണ്ടാമത്തെ കുറഞ്ഞ നിരക്കിൽ റെക്കോർഡ് ചെയ്യപ്പെട്ടു . ഉഷ്‌ണകാലം ഇനിയും ബാക്കി നിൽക്കെ, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇത് എത്തിയേക്കും എന്ന ഭീതിയിൽ ആണ് ശാസ്ത്രലോകം. കഴിഞ്ഞ 42 വർഷത്തെ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി ഉള്ള പഠനങ്ങൾ ആണ് ഇതിന്റെ ആധാരം. കൊറോണയെ തുടർന്ന് ലോകവ്യാപകമായി ലോക്‌ഡൗണുകൾ നടപ്പാക്കിയിരുന്നു. ഇതിനോടൊപ്പം വാഹനഗതാഗതത്തിലും വ്യാവസായിക ഉത്പാദനത്തിലും വന്ന ഗണ്യമായ കുറവ് മലിനീകരണം വലിയ തോതിൽ കുറച്ചു എന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. പക്ഷെ ആർട്ടിക് മേഖലയിൽ മഞ്ഞുരുകുന്നത് തടയുവാൻ ഇവക്ക് സാധിച്ചില്ല എന്ന് ഉറപ്പിക്കുന്ന കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 2012 ന് ശേഷം ഉള്ള ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി നിൽക്കുക ആണ് ആർട്ടിക് മേഖലയിലെ മഞ്ഞിന്റെ അളവ്. ആഗോള താപനം ആർട്ടിക് മേഖലയിൽ ഉള്ള മഞ്ഞിനെ മാത്രം അല്ല ബാധിച്ചിരിക്കുന്നത് , ഗ്രീൻലാൻഡ്, കാനഡ തുടങ്ങിയ ഉത്തര ദ്രുവത്തിനു സമീപ പ്രദേശങ്ങളിൽ ഉള്ള രാജ്യങ്ങളിലെ ഹിമാനി കളെയും (glacier) ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഉഷ്ണകാലത്തു മഞ്ഞുരുകുന്നത് സാധാരണം ആണെങ്കിലും ഇത്ര ഭീമമായ അളവിൽ തുടർച്ചയായി ഇത് സംഭവിക്കുന്നത് ഭീതിജനകം ആണ്. അതിതീവ്രമായ ഉഷ്ണകാലം ആണ് ഇതിനു പിന്നിൽ എന്ന് ഗ്രീൻലാൻഡിന്റെ ജിയോളജി വകുപ്പ് അഭിപ്രായപ്പെട്ടു. ഉഷ്ണകാലത്തിൽ ക്രമാധീതമായ ചൂടനുഭവപ്പെടുകയും അതേസമയം തണുപ്പും ദൈർഘ്യവും കുറഞ്ഞ ശൈത്യകാലങ്ങളും മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുന്നു. ഈ അടുത്ത മാസങ്ങളിൽ ആയി ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗത്തുള്ള സ്പാൽറ്റ് (Spalte) എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഭീമൻ ഹിമപരപ്പ് പിളർന്നു മാറിയ ചിത്രങ്ങൾ കാലാവസ്ഥാ സാറ്റലൈറ്റുകൾ പകർത്തിയിരുന്നു. ഇങ്ങനെ തകരുന്ന പല ഹിമപരപ്പുകളും ഇനി പൂർവസ്ഥിതിയിലേക്ക് എത്തുവാൻ സാധിക്കാത്ത വിധം നഷ്ടപ്പെടുകയാണ്. 1999 ന് ശേഷം 160 സ്‌ക്വയർ കിലോമീറ്ററോളം മഞ്ഞ് ഈ ഹിമാനിയിൽ നിന്നും മാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡിനും കാനഡക്കും പുറമെ, അലാസ്കയിലും, റഷ്യയിലും വ്യാപകമായി ഹിമപ്പരപ്പുകൾ നശിക്കുന്നുണ്ട്. ആർട്ടിക് സമുദ്രത്തിൽ മഞ്ഞു രഹിതമായ ഉഷ്ണകാലം എന്നത് വിദൂരമല്ല, ഇന്ന് ലഭ്യമായ കണക്കുകൾ അനുസരിച്ചു പതിനഞ്ചു വർഷത്തിനകം ഇത് സംഭവിച്ചേക്കും. അതായത് 2035-ാം ആണ്ടോടു കൂടി ആർട്ടിക് മേഖലയിൽ ഉഷ്ണകാലത്ത് ഒരു തരി മഞ്ഞുപോലും ഇല്ലാതെ ആകും. 75 വർഷം എടുക്കും ഇത് സംഭവിക്കാൻ എന്നാണ് മുൻകാലങ്ങളിൽ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്നത്തെ കണക്കുകൂട്ടലുകൾ ഈ ദുരന്തത്തിലേക്കുള്ള അകലം വെറും 15 വർഷമായി ചുരുക്കിയിരിക്കുകയാണ് ആർട്ടിക് മേഖലയിൽ ക്രമാതീതമായി മഞ്ഞുരുകുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലഹേതു. മഞ്ഞുരുകുമ്പോൾ സമുദ്രത്തിലേക് വലിയതോതിൽ ജലം കൂടിച്ചേരുകയും, തുടർന്ന് സമുദ്രത്തിന്റെ ജലനിരപ്പിലും, ലവണങ്ങളുടെ സാന്ദ്രതയിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന, മഹാസമുദ്രങ്ങളുടെ ആഴങ്ങളിൽ ഉള്ള ജലപ്രവാഹത്തിന്റെ(ocean currents) ദിശയിലും അളവിലും ഇത് കാര്യമായ വ്യതിയാനങ്ങൾ സൃഷ്ടിക്കും . മൺസൂൺ പോലെ ഉള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു കാരണമാകുന്ന അന്തരീക്ഷ മർദ്ദത്തിന്റെ ക്രമം ഇത് മൂലം വ്യത്യാസപ്പെടും. തത്‌ഫലമായി നമ്മുക് ലഭിക്കുന്ന മഞ്ഞിന്റെയും മഴയുടെയും തോതിലും ക്രമത്തിലും ഗണ്യമായ മാറ്റങ്ങൾ വന്നുചേരുന്നു.

VIDEO