Latest News

ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫ്ലാറ്റില്‍ മരിച്ചനിലയില്‍

Tue Mar 2024 | 04:43:00 news

പാലക്കാട്: മലമ്പുഴയിലെ സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫ്ലാറ്റില്‍ മരിച്ചനിലയില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീനാണ് മരിച്ചത്. ബാംഗ്ലൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരില്‍ സിപിഎം പ്രവർത്തകൻ കൂടിയായ നവീൻ്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ 2022 ല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഷാജഹാൻ 2019 ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളില്‍ സിപിഎം പ്രവർത്തകരായ പ്രതികള്‍ക്കുണ്ടായ അതൃപ്തിയും എതിർപ്പുമാണ് കൊലയിലേക്ക് നയിച്ചത്. ആദ്യം പാർട്ടിയുമായി പ്രതികള്‍ അകന്നു, പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് മാറി നിന്നു. അകല്‍ച്ച കൂടിക്കൂടി ശത്രുത ഉടലെടുത്തു.2022 ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളില്‍ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു.

VIDEO