07-01-2025
ആയുധ നിര്‍മ്മാണ രംഗത്ത് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഓരോ നിമിഷവും വ്യത്യസ്ത യുദ്ധോപകരണങ്ങള്‍ പരീക്ഷിക്കുകയും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യക്കാര്‍ ഏറിവരുന്ന കാഴ്ചയുമാണ്. ഇന്ത്യയുടെ പുത്തന്‍ ചുവടുവയ്പ്പും അങ്ങനെ ആകാശം കീഴടക്കാന്‍ ഒരുങ്ങുകയാണ്.വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളില്‍ യൂറോപ്യന്‍ നിര്‍മിത മിസൈലിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ അസ്ത്ര എംകെ3 ഉടന്‍ കുതിക്കും.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അസ്ത്ര എംകെ3യാണ് യൂറോപ്യന്‍ നിര്‍മിത മെറ്റിയോറിനെ മറികടക്കുന്ന പ്രകടനം നടത്തുന്നത്. മെറ്റിയോറിനെ അപേക്ഷിച്ച് അസ്ത്ര എംകെ3-ന് 20% അധികം റാംജെറ്റ് എന്‍ജിന്‍ പ്രകടനവും 18% കൂടുതല്‍ ജ്വലന സമയവുമുണ്ടെന്നാണ് കണക്കുകള്‍. ലക്ഷ്യം നേരിട്ടു കാണാനാവാത്ത, ബിയോണ്ട് വിഷ്വല്‍ റേഞ്ച് ആകാശ യുദ്ധങ്ങളില്‍ ഇതോടെ നിര്‍ണായക ആയുധമായി അസ്ത്ര എംകെ3 മിസൈല്‍ മാറുകയാണ്.