16-04-2025
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം രാജ്യത്തെ വികസനത്തിന്റെ ചരിത്രം കൂടിയാണ്. ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാര്‍ തുടങ്ങിയ റെയില്‍വേ സംവിധാനം ഇന്ന് രാജ്യത്തിന്റെ അഖണ്ഡതയെയും നാനാത്വത്തെയും സൂചിപ്പിക്കുന്ന പ്രതീകമായി മാറി. 1853 ഏപ്രില്‍ 16-നാണ് ഇന്ത്യയിലെ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത്. ബോംബെയില്‍നിന്ന് താനെ വരെയായിരുന്നു ആദ്യവണ്ടി. 34 കിലോ മീറ്റര്‍ ദൂരം. 400 യാത്രക്കാര്‍ക്ക് ഇതില്‍ ഒരേസമയം കയറാമായിരുന്നു. ബോംബെ സര്‍ക്കാറില്‍ ചീഫ് എന്‍ജിനീയറായിരുന്ന ജോര്‍ജ് ക്ലാര്‍ക്കിന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ആദ്യ വണ്ടിയുടെ തുടക്കത്തിലേക്ക് നയിച്ചത്.കേരളത്തില്‍ തിരൂര്‍ - ബേപ്പൂര്‍ പാതയിലൂടെയാണ് ആദ്യമായി തീവണ്ടി ഓടിയത്. 1861 മാര്‍ച്ച് 12-നാണ് ഈ പാതയിലൂടെ ഓട്ടം ആരംഭിച്ചത്. ഇന്ന് ബേപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്ല. കൂടുതല്‍ സൗകര്യത്തിനുവേണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പിന്നീട് പണികഴിപ്പിക്കുകയായിരുന്നു. ഇന്ന് ഓരോ ദിവസവും ഏകദേശം 11,000 വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേ ഓടിക്കുന്നത്. ഇതില്‍ 7,000 എണ്ണവും പാസഞ്ചര്‍ വണ്ടികളാണ്. പുക തുപ്പി ഓടിയിരുന്ന തീവണ്ടികള്‍ ഡീസല്‍ വണ്ടികളും വൈദ്യുത ട്രെയിനുകളായി മാറി. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച മേധയും കുതിച്ചുപായുന്ന വന്ദേ ഭാരതും രാജകീയസൗകര്യങ്ങളുള്ള മഹാരാജ എക്സ്പ്രസും ആലോചനയിലുള്ള ബുള്ളറ്റ് ട്രെയിനുമൊക്കെ നമ്മുടെ കരുത്തിന്റെ വിളംബരങ്ങളാണ്. ഹൈഡ്രജന്‍ വണ്ടികളും ഉടനെയെത്തും. പ്രധാനമായും രണ്ട് തരത്തിലുള്ള വണ്ടികളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. യാത്രാവണ്ടികളും ചരക്കുവണ്ടികളും. യാത്രാവണ്ടികള്‍പാസഞ്ചര്‍: എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന വണ്ടികളാണിവ. വേഗം കുറവായിരിക്കും. ടിക്കറ്റ് നിരക്കും കുറവാണ്. സാധാരണയായി ഇതില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല.ജന്‍സാധാരണ്‍: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വണ്ടികളാണിവ. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ശതാബ്ദി, രാജധാനി വണ്ടികളോടുന്ന റൂട്ടുകളിലാണ് ഇവ ഓടുന്നത്. റിസര്‍വേഷന്‍ സൗകര്യമുണ്ടാകില്ല.സൂപ്പര്‍ഫാസ്റ്റും എക്സ്പ്രസും: സാധാരണ നമ്മുടെ നാട്ടിലോടുന്ന വണ്ടികളാണ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുകളും എക്സ്പ്രസുകളും. സൂപ്പര്‍ഫാസ്റ്റിന് അല്‍പം വേഗത കൂടും. സ്റ്റോപ്പുകളും കുറവാകും. നിരക്ക് താരതമ്യേന കൂടുതലായിരിക്കും. എക്സ്പ്രസിന് പാസഞ്ചര്‍ ട്രെയിനുകളെ അപേക്ഷിച്ച് സ്റ്റോപ്പുകള്‍ കുറവാണ്. നിരക്കാകട്ടെ കൂടുതലും.മെയില്‍: നേരത്തെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാനായി പ്രത്യേക കോച്ചുകളുമായി ഓടിയിരുന്ന വണ്ടികളായിരുന്നു ഇവ. ഇന്ന് പല വണ്ടികളിലും തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നുണ്ട്. അതിന് സാധാരണ കോച്ചുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.സബര്‍ബന്‍: ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള വന്‍ നഗരങ്ങളിലോടുന്ന വണ്ടികളാണ് സബര്‍ബന്‍ ട്രെയിനുകള്‍. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന ഇവയില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കില്ല. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നത് സബര്‍ബന്‍ വണ്ടികളാണ്.മെമുവും ഡെമുവും: മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു), ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) എന്നിവ സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളിലാണ് ഓടുക. എല്ലാ സ്റ്റേഷനുകളിലും ഇവ നിര്‍ത്തും. ഇന്റര്‍സിറ്റി: പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന് കുറഞ്ഞ സ്റ്റോപ്പുകളാണുണ്ടാവുക. വേഗത മറ്റ് എക്സ്പ്രസുകളേക്കാള്‍ കൂടുതലായിരിക്കും. ബെര്‍ത്ത് സൗകര്യമുണ്ടാകില്ല. മിക്ക ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്കും പ്രത്യേക പേരുകളുണ്ട്. 1906-ല്‍ ആരംഭിച്ച ഫ്ളൈയിങ് റാണി സൂറത്തില്‍ നിന്ന് ബോംബെ സെന്‍ട്രലിലേക്കാണ് ആദ്യമായി ഓടിയത്.അന്ത്യോദയ എക്സ്പ്രസ് എന്‍ജിന്‍ ഗരീബ് രഥ്: ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ സാധാരണക്കാര്‍ക്കു വേണ്ടി ആരംഭിച്ച പൂര്‍ണമായും ശീതീകരിച്ച ദീര്‍ഘദൂര വണ്ടികളാണ് ഗരീബ് രഥ് എക്സ്പ്രസ്.