19-04-2025
സമൂഹ മാദ്ധ്യമത്തിലെ പരസ്യം കണ്ട് സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശികളെ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് ചമഞ്ഞെത്തിയ സംഘം കബളപ്പിച്ച് കാർ തട്ടിയെടുത്തെന്ന പരാതിയിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി. ഒരു മാസം മുമ്പായിരുന്നു സംഭവം. തിരുച്ചിറപ്പിള്ളി ഇളങ്കളത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖാദറിനെയും സുഹൃത്തിനെയും കബളിപ്പിച്ചെന്നാണ് പരാതി. 2021 മോഡൽ മാരുതി സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാണ് ഇവർ ഫോൺ നമ്പറിൽ ബന്ധപ്പെട്ടത്. ഫോൺ വഴി കച്ചവടമുറപ്പിച്ച ശേഷം കഴിഞ്ഞ മാസം 22ന് കാർ പാലക്കാട് എത്തിച്ച് നൽകുമെന്ന് അജു എന്നയാൾ ഉറപ്പ് നൽകി. പാലക്കാട് എത്തിയ ഖാദറിനോട് കാർ ആലുവയിലാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ആലുവയിലെത്തിയ ഇവരെ കബീർ, ഫഹദ് എന്നിവർ ചേർന്ന് പള്ളിക്കരയിൽ വണ്ടർലായ്‌ക്ക് സമീപം എത്തിച്ചു. കാർ കാണിക്കുകയും ടെസ്റ്റ് ഡ്രൈവ് നടത്തിക്കുകയും ചെയ്ത് കച്ചവടമുറപ്പിച്ചു. ഒരു ലക്ഷം രൂപ പണമായും 30,000 രൂപ ഗൂഗിൾ പേ വഴിയും കൊടുത്തതായും പരാതിക്കാർ പറയുന്നു. ബാക്കി തുക ഉടൻ നൽകാമെന്ന് കരാറുമുണ്ടാക്കി. കാറുമായി ഖാദർ പോകാൻ ഒരുങ്ങുമ്പോൾ പൊലീസ് സ്പെഷ്യൽ സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞെത്തിയ രണ്ടു പേർ കാർ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. കാറിൽ കയറിയ ഇവർ കുറച്ച് ദൂരം പോയ ശേഷം ഖാദറിനെയും സുഹൃത്തിനെയും ബലമായി ഇറക്കിവിട്ടു എന്നുമാണ് പരാതി. കഴിഞ്ഞ 29ന് ഇതു സംബന്ധിച്ച് കേസെടുത്തെന്നും പരാതിക്കാർ പറയുന്ന കാര്യങ്ങൾ അന്വേഷിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്നും കുന്നത്തുനാട് പൊലീസ് അറിയിച്ചു. സൈബർ, ഫോറൻസിക് വിഭാഗങ്ങളുടെ സഹായത്തോടെ കേസ് വിശദമായി അന്വേഷിച്ച് വരികയാണെും പൊലീസ് പറഞ്ഞു.