21-04-2025
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം ഭാര്യ പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വെകുന്നേരം 5 മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.