02-07-2025
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും തമ്മില്‍ വീണ്ടും പോര്. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇതിന് മറുപടിയുമായി ട്രംപും രംഗത്തുവന്നുതോടെയാണ് ഇടവേളയ്ക്ക് ശേഷം രംഗം വീണ്ടൂം ചൂടുപിടിച്ചത്. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുമാണ് മസ്‌കിന്റെ വെല്ലുവിളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നടപ്പിലാക്കുന്നതിനെതിരെ ഇലോണ്‍ മസ്‌ക് പലപ്പോഴായി രംഗത്തുവന്നിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ബില്ലാണിതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നു കഴിഞ്ഞതാണ്. ജനപ്രിയമല്ലാത്ത ഈ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്ന് പ്രത്യക്ഷ വെല്ലുവിളി നടത്തിയിരിക്കുകയാണ് ഇപ്പോള്‍ മസ്‌ക്. അതിനിടെ ഇലോണ്‍ മസ്‌കിനെ നാടുകടത്തുമോയെന്ന ചോദ്യങ്ങളെ തള്ളിക്കളയാതെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ മറുപടി. ഇതിനെ കുറിച്ച് ഒരു പരിശോധന നടത്തേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, അമേരിക്കന്‍ പൗരനാണെങ്കിലും ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെന്നും പറഞ്ഞു