06-07-2025
തെക്കന്‍ ജപ്പാനിലെ ടോകരയില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 900ത്തിലധികം ഭൂകമ്പങ്ങള്‍. വലിയ നാശനഷ്ടങ്ങളില്ലെങ്കിലും ഭൂകമ്പങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. ജൂണ്‍ 21 മുതല്‍ ടോകര ദ്വീപ് ശൃംഖലയ്ക്ക് ചുറ്റുമുള്ള കടലുകളില്‍ ഭൂകമ്പസാധ്യതകള്‍ സജീവമാണെന്ന് ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടര്‍ അയതക എബിറ്റ അടിയന്തര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ അഞ്ചിന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനം ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുകയാണ്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്. ഇല്ലസ്‌ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആധിക്ക് ആധാരം. തന്റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം റയോ 1999ല്‍ തന്നെ പ്രവചിച്ച് വച്ചത്. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് റയോ വെളിപ്പെടുത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും എന്നാണ് പ്രവചനത്തില്‍ പറയുന്നത്.