11-07-2025
തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ കൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്ന് തള്ളി പുറത്താക്കാന്‍ ശ്രമിക്കുന്ന തരൂര്‍ വളരെ പരിഹാസ്യമായ ഒരു കാഴ്ചയായി മാറുകയാണ്. തനിക്കെതിരെ അച്ചടക്കം നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നുഅദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വം ആകട്ടെ വളരെ ദയനീയമായ ഒരു അവസ്ഥയിലാണ് തരൂരിനെ നേരിടുന്നത് എന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. ഇത്രയും ഒക്കെ പരസ്യപ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന ഒരാളെ നോക്കി വെറുതെ ഇളിഭ്യചിരി ചിരിക്കാന്‍ അവര്‍ക്ക് ആകുന്നുള്ളൂ എന്ന വിമര്‍ശനമാണ് ഉയരുന്നതും. എന്നാല്‍ തരൂരിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിട്ടുള്ളത് വളരെ തന്ത്രപരമായ ഒരു സമീപനം തന്നെയാണ് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.ഇത് അറിയുന്ന തരൂര്‍ രോക്ഷാകുലനാവുകയും കൂടുതല്‍ ചൊറിഞ്ഞുകൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കാന്‍ നോക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി യഥാര്‍ത്ഥത്തില്‍ താനാണെന്ന് തെളിയിക്കുന്ന എക്‌സ് ട്വീറ്റ് വഴി കഴിഞ്ഞ ദിവസം തരൂര്‍ ഒരു പുതിയ വിവാദം തുറന്നുവിട്ടിരുന്നു. അത് പാര്‍ട്ടിയിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെ വിറപ്പിക്കുമെന്നും വലിയ കലാപത്തിന് വഴി വയ്ക്കുമെന്നും തരൂര്‍ കരുതി. എന്നാല്‍ അത് ഏശിയില്ല.അതോടെ ഇന്നലെ ഇന്ദിരാഗാന്ധിയെയും സജ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തരൂര്‍ ഒരു ലേഖനം വഴി രംഗത്തെത്തി. അടിയന്തരാവസ്ഥ എന്ന ഭീകരാവസ്ഥയില്‍ നിന്ന് ഇന്നത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം തിരികെ വന്നതിന്റെ വിശേഷങ്ങള്‍ ആണ് തരൂര്‍ ലേഖനത്തില്‍ പങ്കുവക്കുന്നതെങ്കിലും ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഐക്കണ്‍ ബിംബങ്ങളായ ഗാന്ധി കുടുംബത്തിന് നേരെയുള്ള അറ്റാക്ക് തന്നെയാണ്. തുടര്‍ച്ചയായ ഈ പ്രവര്‍ത്തികളിലൂടെ തരൂര്‍ പരസ്യമായി തന്നെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. താനായി സ്വയം പുറത്തു പോകില്ല എന്നാല്‍ തന്നെ പുറത്താക്കി കോണ്‍ഗ്രസ് തനിക്ക് ബിജെപിയിലേക്കുള്ള വഴിയൊരുക്കണം എന്നതാണ് തരൂരിന്റെ ലളിതമായ ആവശ്യം. അതിനു തയ്യാറാകാതെ കോണ്‍ഗ്രസ് മുഖം തിരിച്ചു നില്‍ക്കുമ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ തരൂര്‍ വിഡ്ഢിയായി മാറുന്നുണ്ട് ഇവിടെ. എത്ര കേറി മാന്തിയിട്ടും പ്രതികരിക്കാതിരിക്കുന്ന നേതൃത്വം തരൂരിനെ അവഗണിക്കുന്നതിലൂടെ ഇദ്ദേഹം അത്ര അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഒരു വ്യക്തിയല്ല എന്ന സന്ദേശവും നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഈ നിസ്സംഗഭാവമാണ് തരൂരിനെ വല്ലാതെ ക്ഷോഭിപ്പിക്കുന്നത്.