29-07-2025
പുനലൂർ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തത്തിനും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കറിനെ(38)യാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി. എൻ. വിനോദ് ശിക്ഷിച്ചത്. കൊല്ലം പുനലൂർ കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാന്റിന് പിന്നിൽ വെട്ടിപ്പുഴ പാലത്തിന് താഴെ തോട്പുറമ്പോക്കിൽ കുടിലിൽ താമസിച്ചിരുന്ന ഇന്ദിര, ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഓരോ കൊലയ്ക്കും പ്രത്യേക ജീവപര്യന്തം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിപ്രകാരം രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. 2023 ഏപ്രിൽ 18-ന് രാത്രി 11-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . 2021ൽ പൂയപ്പള്ളി മരുതമൺ പള്ളി സ്വദേശിനി ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതി സംഭവദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു. മുൻപരിചയമുള്ള ഇന്ദിരയുടെ വീട്ടിലേക്ക് എത്തിയ പ്രതി രാത്രി അവിടെയുണ്ടായിരുന്ന ബിജുകുമാറിനൊപ്പം മദ്യപിച്ചു. ഇതിനിടയിൽ പ്രതി ഇന്ദിരയെ കടന്നുപിടിച്ചു. ചോദ്യംചെയ്‌ത ബിജുകുമാറിനെ ആക്രമിച്ചു.തുടർന്ന് ഇന്ദിരയെ മർദിച്ച് അവശയാക്കിയശേഷം അമ്മിക്കല്ല് രണ്ടുതവണ തലയിലേക്ക് ഇട്ടു. തടയാനെത്തിയ ബാബുവിനെ ഇൻ്റർലോക് ടൈൽ കൊണ്ട് തലയിൽ അടിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ശരീരം വീടിനുള്ളിലേക്ക് വലിച്ചിട്ടശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്