06-08-2025
മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) വിടപറഞ്ഞിരിക്കുകയാണ്. ഒരു പക്ഷെ ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരൊക്കെ പിതാവിന്റെ പാരമ്പര്യം കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നുവരും മുമ്പ് പാരമ്പര്യം നിലനിര്‍ത്തിത്തുടങ്ങിയത് ഷാനവാസ് ആയിരിക്കും. എങ്കിലും നിത്യഹരിത നായകന്റെ തണലില്‍ നില്‍ക്കാതെ സ്വന്തമായൊരു ഇടം മലയാള സിനിമയില്‍ കണ്ടെത്താന്‍ ഷാനവാസിന് സാധിച്ചു. ആദ്യം പറഞ്ഞ പുതുതലമുറയിലെ നായകന്മാരെല്ലാവരും അത്തരത്തില്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നവരാണെങ്കിലും അവര്‍ക്കെല്ലാം വഴികാട്ടിയായത് ഷാനവാസിനെപ്പോലുള്ളവരാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഒരേ സമയം തന്നെ നായകാനായും വില്ലനായും സഹനടനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. കുറച്ച് നാളുകളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം