22-08-2025
അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതോടെ ലോക്സഭാ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും ചേര്‍ന്നു. ഇതിനുള്ള മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. ഇത് സംയുക്തപാര്‍ലമെന്ററീ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. അഴിമതി കുറയ്ക്കാനും ഭരണത്തിലെ സുതാര്യതയ്ക്കും വേണ്ടിയാണ് ബില്‍ എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്‍ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയില്‍ അരങ്ങേറിയത്. ബില്‍ അവതരണത്തിനിടെ സഭയില്‍ കയ്യാങ്കളി വരെയെത്തി. ബഹളത്തെ തുടര്‍ന്ന് സഭ 3 മണി വരെ നിര്‍ത്തിവെച്ചു. അമിത് ഷായ്ക്ക് നേരെ ബില്‍ വലിച്ചു കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവച്ചിരുന്നുവോ എന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കേസെടുത്തപ്പോള്‍ രാജിവച്ചെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. തന്നെ കുറ്റവിമുക്തനാക്കും വരെ ഒരു പദവിയും ഏറ്റെടുത്തില്ലെന്നും അമിത് ഷാ മറുപടി നല്‍കി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. നാളെ, നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലില്‍ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം. രാജ്യത്ത് പൊലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു. തൃണമൂല്‍ അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലാണ്. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു. ബില്ല് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ അമിത് ഷാ ചാടിയെണീറ്റു. ഇതിനിടെ പ്രതിഷേധം രൂക്ഷമായി. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷാ വിശദീകരിച്ചത്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്