12-01-2026
അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്ട്രൈക്കേഴസ് പള്ളിത്തെരുവ് ജേതാക്കളായി. കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എം.സി.സി പള്ളിത്തെരുവിനെ 10 വിക്കറ്റിന് തകർത്താണ് സ്ട്രൈക്കേഴ്സ് കിരീടം ചൂടിയത്. സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്‍റെ ഓപ്പണർ സനോഫറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ഫൈനലിൽ വെറും 20 പന്തിൽ നിന്ന് 42 റൺസാണ് സനോഫർ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടൂർണമെന്റിലെ മാൻ ഓഫ് ദി സീരിയസ്, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സനോഫർ സ്വന്തമാക്കി.സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്‍റെ തന്നെ സിദ്ദിഖിനെ ടൂർണമെന്റിലെ മികച്ച ബൗളറായി തെരഞ്ഞെടുത്തു. 5 ഓവര്‍ വീതമുള്ള മത്സരത്തില്‍ ഓരോ ടീമിലും 10 പേരാണ് ഉണ്ടായിരുന്നത്. പവര്‍ പ്ലേയും എല്‍.ബി.ഡബ്ലിയൂവും ഇല്ലാത്ത രീതിയിലായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.