19-01-2026
പ്രകൃതിവാതകങ്ങളുടെ പരമാവധി ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) രാജ്യവ്യാപക ക്യാംപെയ്ൻ ആരംഭിച്ചു. പിഎൻജി 2.0 എന്ന പേരിൽ തുടക്കമിട്ട ക്യാംപെയ്‌നിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നിർദേശപ്രകാരം നഗര ഗ്യാസ് വിതരണ വ്യവസായ മേഖലയുടെ സഹകരണത്തോടെയാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുള്ള സിറ്റി ഗ്യാസ് വിതരണ കമ്പനികളെ ഉൾപ്പെടുത്തി ഏകീകൃത പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും ബിപിസിഎൽ അറിയിച്ചു. ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള പരസ്യചിത്രങ്ങളും പുറത്തിറക്കും.