14-04-2026
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പി. ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം;
അവസാന തീയതി ഏപ്രിൽ 16
സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു ക്ലാസ് മുറിയിൽ ഒരുമിക്കുന്നതിന്റെ അപൂർവ്വത. ആയുര്‍വ്വേദ – ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയേറിയ കോഴ്സുമായി രാജ്യത്ത് ഒരു സര്‍വ്വകലാശാല എത്തുന്നത് ഇദം പ്രഥമമാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2019 ൽ ആരംഭിച്ച ഈ കോഴ്സ് അറിയപ്പെടുന്നത് പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് എന്നാണ്.
സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ് സ്പാ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിംഗ് മേഖലകളിൽ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും. ഇൻഡസ്ട്രിയൽ പ്രൊജക്ട് വർക്കിന് ഏറെ പ്രാധാന്യം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ കോഴ്സിൽ ആയുർവേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.
പി. ജി. ഡിപ്ലോമ ഇൻ വെൻനസ് ആൻഡ് സ്പാ മാനേജ്മെന്റ് പൂർണ്ണമായും ഒരു പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്. പി. ജി. ഡിപ്ലോമ കോഴ്സിന്‍റെ നാലാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്.