12-03-2026
വയനാട് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ പദ്ധതിക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. മതിയായ പഠനങ്ങൾ നടത്താതെയാണ് പരിസ്ഥിതി അനുമതി നൽകിയതെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ നേരത്തെ ഇവർ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.ഇതിനിടയിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി തന്നെയായിരുന്നു നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നതിന് മുൻപായി ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കുള്ള ക്യാമ്പ് ഷെഡ് എന്നിവയുൾപ്പെടെയുള്ള അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഇതിനകം പൂർത്തിയായിട്ടുണ്ട്.വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന അതീവ പ്രാധാന്യമുള്ള പദ്ധതിയാണിത്. 8.73 കിലോമീറ്റർ നീളമുള്ള തുരങ്കപാത കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.