16-03-2026
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. മണ്ഡലത്തിൽ നേരത്തെ പല പേരുകളും ചർച്ചയായിരുന്നെങ്കിലും, ഒടുവിൽ രമേശ് പിഷാരടിയെ തന്നെ കളത്തിലിറക്കാൻ ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ധാരണയാവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്തായതോടെയാണ് പിഷാരടിയുടെ പേരിന് മുൻഗണന ലഭിച്ചത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിൽ പിഷാരടിയെപ്പോലൊരു ജനകീയ മുഖം വരുന്നത് ഗുണകരമാകുമെന്നാണ് ഷാഫി പറമ്പിൽ പക്ഷത്തിന്റെ വാദം. എന്നാൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ചില പ്രാദേശിക നേതാക്കൾക്ക് വിയോജിപ്പുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഡൽഹിയിൽ കോൺഗ്രസ് കോർ കമ്മിറ്റി യോഗം ഉടൻ ചേരും.അതേസമയം, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സി.പി.എമ്മും സജീവ ചർച്ചകളിലാണ്. ആദ്യഘട്ടത്തിൽ പി. സരിന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, വിജയസാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സരിൻ പിന്മാറുകയായിരുന്നു. തുടർന്ന് നഗരത്തിലെ പ്രമുഖ വ്യാപാരികളെ സ്വതന്ത്ര സ്ഥാനാർഥികളായി പരിഗണിക്കാൻ പാർട്ടി ശ്രമിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. നിലവിൽ പാലക്കാട്ടെ പ്രമുഖ ഹോട്ടൽ ഉടമയായ റസാഖിന്റെ പേരാണ് സി.പി.എം പരിഗണനയിലുള്ളത്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റസാഖിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടക്കും.പാലക്കാടിന് പുറമെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയവും കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ചെങ്ങന്നൂരിൽ മറിയ ഉമ്മൻ, എബി കുര്യാക്കോസ്, ബാബു പ്രസാദ് എന്നിവരുടെ പേരുകൾക്കൊപ്പം ബിനു ചുള്ളിയിലിനെയും പരിഗണിക്കുന്നുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാനും എം.പി. പ്രവീണുമാണ് പട്ടികയിലുള്ളത്. ഹൈക്കമാൻഡ് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.