17-03-2026
എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയാകുന്നതിനെതിരെ എൻ.സി.പിയിൽ നാടകീയമായ നീക്കങ്ങളും പ്രതിഷേധവും ശക്തമാകുന്നു. എൻ.സി.പി കോഴിക്കോട് ജില്ലാ കൺവെൻഷനിലാണ് എ.കെ. ശശീന്ദ്രനെതിരെ പരസ്യമായ നിലപാടുകളുമായി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദും പ്രവർത്തകരും രംഗത്തെത്തിയത്. യോഗത്തിലുടനീളം മുക്കം മുഹമ്മദിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹത്തെ തന്നെ എലത്തൂരിലെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ഈ ആവശ്യം പാർട്ടി അധ്യക്ഷൻ പി.സി. ചാക്കോയും തോമസ് ചാക്കോയും തള്ളില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുക്കം മുഹമ്മദ് യോഗത്തിൽ വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുക്കം മുഹമ്മദ് പ്രതികരിച്ചത്. "എന്റെ പേരാണോ അയോഗ്യത?" എന്ന് അദ്ദേഹം യോഗത്തിൽ ചോദിച്ചു. എലത്തൂർ മണ്ഡലത്തിൽ മതവും ജാതിയും ഉപജാതിയും നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കാനത്തിൽ ജമീലയെപ്പോലുള്ളവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് എലത്തൂരെന്നും അവിടെ ജാതി സമവാക്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പാർട്ടിയുടെ ഐക്യത്തിനായി താൻ പലപ്പോഴും വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും മുക്കം മുഹമ്മദ് പറഞ്ഞു. എൻ.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കിടേണ്ടതായിരുന്നുവെന്നും അത് തോമസ് കെ. തോമസിന് കൂടി അവകാശപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിലെ ഐക്യം നിലനിർത്താൻ അന്ന് കൂടെനിന്ന തന്നെ ഇപ്പോൾ അവഗണിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ, ജില്ലാ കമ്മിറ്റിയുടെ വികാരം പരിഗണിച്ച് നേതൃത്വം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് മുക്കം മുഹമ്മദ് പക്ഷം.